താമരശ്ശേരി ചുരത്തിന്റെ ആറാം വളവിലാണ് മരം കടപുഴകി റോഡിലേക്ക് വീണത്. മരം റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കല്‍പ്പറ്റയില്‍നിന്ന് അഗ്നിരക്ഷാസേന ചുരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ ഒരാള്‍ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിനു സമീപമാണ് സംഭവം. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ. ഉസൈൻ കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഇയാൾക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൊയിലാണ്ടി ബിവറേജസ് റോഡില്‍ പ്ലാവ് ഒടിഞ്ഞു കാറിനു മുകളില്‍ വീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടിയാണ് മരക്കൊമ്ബ് ഇലക്‌ട്രിക് ലൈനിലേക്കും പിന്നെ കാറിനു മുകളിലേക്കും പൊട്ടിവീണത്. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മരക്കമ്ബ് പൊട്ടി വീണ് കാര്‍ ഭാഗികമായി തകര്‍ന്നു. നിര്‍ത്തിയിട്ട കാറിന് മുകളിലേക്കാണ് മരക്കൊമ്ബ് പൊട്ടി വീണത്. ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ബീച്ച് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്ബ് മുറിച്ച് മാറ്റി.
ശക്തമായ മഴയില്‍ മാവൂര്‍ കൂളിമാട് റോഡ് താത്തൂര്‍ പൊയിലിലെ എടക്കുനിമ്മല്‍ ഭാഗത്ത് റോഡ് വയലിലേക്ക് ഇടിഞ്ഞു. ജലജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിന് വേണ്ടി ഈ ഭാഗത്ത് ചാലെടുത്തിരുന്നു.റോഡ് ഇടിഞ്ഞതോടുകൂടി ഇതുവഴിയുള്ള ഗതാഗതം അപകടാവസ്ഥയിലായി.
കനത്ത മഴയിലും കാറ്റിലും ചക്കിട്ടപാറയില്‍ മരം കടപുഴകി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാമ്ബ്ര ഫയര്‍ഫേഴ്സ് സ്ഥലത്തെത്തി മുറിച്ചുമാറ്റി.