KeralaNEWS

മഴയ്ക്കൊപ്പം ചുഴലിക്കാറ്റും; ആലപ്പുഴയിൽ വ്യാപക നാശനഷ്ടങ്ങൾ

ആലപ്പുഴ:മഴ കനത്തതോടെ ആലപ്പുഴയിൽ വ്യാപക നാശനഷ്ടങ്ങൾ.വള്ളികുന്നം, ഇലിപ്പക്കുളം മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ മരംവീണ് 11 കെ.വി. ലൈൻ ഉള്‍പ്പെടെ 11-ഓളം വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞു. വൈദ്യുതിബന്ധം പൂര്‍ണമായും താറുമാറായി.ഇത് ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരങ്ങള്‍വീണ് 20 വീടുകള്‍ക്ക് നാശംവന്നു. 25 വീടുകളിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. വൈദ്യുതിക്കമ്ബികള്‍ പൊട്ടി.വൈദ്യുതിത്തൂണുകളും നിലംപതിച്ചു. കണിച്ചുകുളങ്ങര, പൊക്ലാശ്ശേരി, ചെത്തി, ചേന്നവേലി പ്രദേശത്താണു നാശങ്ങൾ ഏറെയും.
ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി വിഭാഗത്തിനു സമീപത്തു മരംവീണ് കാര്‍ തകര്‍ന്നു. ആശുപത്രിയിലെ ഇലക്‌ട്രിക്കല്‍ ജോലിയുമായി ബന്ധപ്പെട്ടെത്തിയ കൊട്ടാരക്കര രമേശ്സദനത്തില്‍ ആര്‍. ഷാജിമോന്റെ കാറാണു തകര്‍ന്നത്.മാവേലിക്കര ഭാഗത്ത് അഞ്ചുവീടുകളും ചേര്‍ത്തലയില്‍ ഒരുവീടും ഭാഗികമായി തകര്‍ന്നു. പള്ളിപ്പാട് വഴുതാനം ഗവ. യു.പി. സ്കൂളിലെ ആല്‍മരം ഓഫീസ് കെട്ടിടത്തിനു മുകളില്‍ വീണു. ഒരാഴ്ച മുൻപ് മഴയില്‍ ഇവിടത്തെ ചുറ്റുമതിലും ഇടിഞ്ഞുവീണിരുന്നു. മുഹമ്മ പുത്തനമ്ബലം, മണ്ണഞ്ചേരി ഫാക്ടറി ജങ്ഷനിലും മരംവീണ് വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീണു.
ചെങ്ങന്നൂരില്‍ ബുധനൂര്‍, പേരിശ്ശേരി, പുരമല എന്നിവിടങ്ങളിലും മരങ്ങള്‍ കടപുഴകി. പേരിശ്ശേരി, കരുവേലിപ്പടി, ആലാ, മിത്രമഠം എന്നിവിടങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. കുളിക്കാംപാലത്ത് വൈദ്യുതി പോസ്റ്റുകള്‍ വീണു. തിരുവൻവണ്ടൂരില്‍ മൂന്നു വീടുകള്‍ തകര്‍ന്നു.

ചേര്‍ത്തല താലൂക്കില്‍ കായലോരത്തെയും കടലോരത്തെയുമായി രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറി.കിഴക്കൻ വെള്ളത്തിന്‍റെ വരവുകൂടിയാകുമ്ബോള്‍ ജലനിരപ്പുയരുമെന്ന ഭീതിയിലാണു കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയിലുള്ളവര്‍.

Back to top button
error: