KeralaNEWS

ഏക സിവില്‍കോഡിലെ സിപിഎം മുതലെടുപ്പ് തടയാന്‍ കോണ്‍ഗ്രസ്; മുസ്ലിം സംഘടനാ നേതാക്കളെ ബന്ധപ്പെട്ട് കെ.സി.

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേയുള്ള പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്. എഐസിസി നേതൃത്വം മുസ്ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു.

ഏക സിവില്‍ കോഡ് പൊതുവിഷയമായി ഉയര്‍ത്തുമെന്ന് മുസ്ലീം സംഘടനകള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എന്നും മതേതര നിലപാടാണ് പുലര്‍ത്തുന്നതെന്നും ഹിന്ദു മുസ്ലിം വിഷയമാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു.

Signature-ad

പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ സി.പി.എം. തീരുമാനിച്ചതിനുപിന്നാലെ സമരാസൂത്രണത്തിലേക്ക് കോണ്‍ഗ്രസും കടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം സംഘടനാ നേതാക്കളെ എഐസിസി നേതൃത്വം ബന്ധപ്പെട്ടത്.

ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും അവര്‍ അനുകൂലമാണെന്നും സിപിഎം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കെയാണ് പാര്‍ട്ടിയുടെ മറുനീക്കം. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ ചില ലീഗ്-സമസ്ത നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമരപരിപാടികള്‍ക്കും പ്രചാരണരീതികള്‍ക്കും രൂപംനല്‍കാന്‍ ബുധനാഴ്ച കെ.പി.സി.സി. നേതൃയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള സാഹചര്യമോ അടിയന്തര ആവശ്യമോ നിലവിലില്ലെന്ന് കഴിഞ്ഞ നിയമ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയ സ്ഥിതിയില്‍നിന്ന് മാറേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ സ്വീകരിച്ചത്. ഇതാണ് സി.പി.എമ്മിന്റെയും നിലപാട്. എന്നാല്‍, ഹിമാചല്‍പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവില്‍കോഡിന് പിന്തുണ പ്രഖ്യാപിച്ചതടക്കമുള്ള കാര്യങ്ങള്‍ സിപിഎം ആയുധമാക്കുന്നുണ്ട്. ലീഗിനെ ഉന്നമിട്ട് യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കംകൂടി സി.പി.എം. നടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

അതിനിടെ, ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട് പുരോഗമിക്കുകയാണ്. കാന്തപുരം സുന്നി വിഭാഗം ഉള്‍പ്പെടെ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികള്‍ കോര്‍ഡിനേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ച് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ് ആണ് യോഗത്തില്‍ എത്തിയത്.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്കൊപ്പം നിയമ നടപടികളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം.

Back to top button
error: