ഇടുക്കി: ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കടയ്ക്കായി ഒരുക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഒരു മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തില്‍ റേഷന്‍ കട പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്ന് പ്രതീക്ഷ. അരിക്കൊമ്പനെ കാട് മാറ്റിയതോടെ മേഖലയില്‍ കാട്ടാന ശല്യം ഗണ്യമായി കുറഞ്ഞതും ആശ്വാസം പകരുന്നു.
ചിന്നക്കനാല്‍ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയായിരുന്നു അരിക്കൊമ്പന്റെ ആക്രമണങ്ങളുടെ പ്രധാന ഇര. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്നും മാറ്റിയതിന്, മുന്‍പുള്ള മാസങ്ങളില്‍ നിരവധി തവണ ഈ കടയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. അവസാന ആക്രമണങ്ങളോടെ കെട്ടിടം പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തോട്ടം മേഖലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമായത്.
നിലവില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ കമ്പനി വക ലയണ്‍സ് കെട്ടിടത്തിലാണ് കട താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ വനം വകുപ്പ് സോളാര്‍ ഹാങിങ് ഫെന്‍സിംഗും സ്ഥാപിച്ചിട്ടുണ്ട്. ദിവസേന എന്നോണം നാട്ടിലിറങ്ങിയിരുന്ന അരിക്കൊമ്പനെ കാട് മാറ്റിയതോടെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.