തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയതിലും ഗുരുതര പിഴവ്. ഇന്നലെ വൈകുന്നേരം ചുമതലേൽക്കാനെത്തിയ ഷെയ്ഖ് ദർവേഷ് സാഹിബിന് കെഎപി അഞ്ചാം ബറ്റാലിയൻ പൊലീസുകാരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗാർഡ് ഓഫ് ഓണറിനിടെ തോക്ക് ഉയർത്തുന്നതിലാണ് വീഴ്ച പറ്റിയത്. പൊലീസുകാർക്ക് നിർദ്ദേശം നൽകിയിലുണ്ടായ പിഴവാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാമുള്ളപ്പോഴാണ് പിഴവ് സംഭവിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാന എഡിജിപി ഡ്യൂട്ടി ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെറ്റ് വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും.
നേരത്തെ ഡിജിപിമാരായ എസ് ആനന്ദകൃഷ്ണനും ഡോ. ബി സന്ധ്യക്കും നൽകിയ യാത്രയയപ്പ് പരേഡിലും പിഴവ് സംഭവിച്ചിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ഡിജിപിമാരായ ഡോ. ബി സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും എസ്എപി ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് ആണ് പുനർ പരിശീലനം നൽകുന്നത്. യാത്രയയപ്പിൻറെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടാതിരുന്നതിന് നടപടിയും സ്വീകരിച്ചിരുന്നു. വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകിയത്. എസ് ആനന്ദകൃഷ്ണൻ നൽകിയ യാത്ര അയപ്പ് ചടങ്ങിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടിയിരുന്നില്ല.