മുംബൈ: ഇന്ത്യൻ വിപണിയിൽ പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജിയോ എന്ന് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞതായിരിക്കും ഈ ഫോൺ എന്നാണ് വിവരം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പുതിയ ജിയോ 5 ജി ഫോൺ അവതരിപ്പിക്കും.
ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ഒരു ട്വീറ്റിൽ ജിയോ 5ജി സ്മാർട്ട്‌ഫോണിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. ഫോണിൻറെ ചില പ്രത്യേകതകളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്ക്സ്റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, പുതിയ ജിയോ ഫോൺ 5Gക്ക് ക്യൂവൽകോം സ്നാപ് ഡ്രാഗൺ 480+ എസ്ഒസി ഉണ്ടാകും.
ക്യാമറയിലേക്ക് വന്നാൽ ജിയോയുടെ പുതിയ 5ജി ഫോണിൽ 13 എംപി പ്രൈമറി ക്യാമറ സെൻസറും 2 എംപി സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും. വീഡിയോ കോളുകൾക്കും സെൽഫികൾക്കും, ഫോണിന് 8 എംപി മുൻ ക്യാമറ ലഭിക്കും. ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും 18 വാൾട്ട് ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉണ്ട്.
ഫോണിന് ‘ഗംഗ’ എന്ന കോഡ് നാമം ജിയോ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാംസങ്ങിന്റെ 4GB LPPDDR4X റാമും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32 ജിബി സ്റ്റോറേജും ഇതിലുണ്ടെന്നാണ് വിവരം. 90Hz റീഫ്രഷ് നിരക്കുള്ള 6.5 ഇഞ്ച് എപിഎസ് LCD HD+ ഡിസ്‌പ്ലേ ജിയോയുടെ 5ജി ഫോണിന് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.