തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിമരുന്ന് കേസിൽ പിടികൂടി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഷീലയുടെ ബാഗിൽ നിന്നും കാറിൽ നിന്നും കണ്ടെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്ന പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീലയുടെ ആവശ്യം. മകൻറെ ഭാര്യയുടെ സഹോദരിയാണോ തന്നെ കുടുക്കിയതിന് പിന്നിലെന്നും ഷീല സംശയിക്കുന്നു.
എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വെച്ച് വിൽപ്പന നടത്തിയെന്ന കുറ്റം ചാർത്തി നിൽക്കുന്ന ഷീലാ സണ്ണി. അപമാന ഭാരത്താൽ തലയൊന്ന് ഉയർത്താൻ പോലും പറ്റാത്ത ബ്യൂട്ടി പാർലർ ഉടമ. അന്ന് പിടിയിലായി ജയിലിൽ കഴിഞ്ഞത് നീണ്ട 72 ദിവസം. എല്ലാത്തിനുമൊടുവിൽ സത്യം തെളിഞ്ഞിരിക്കുകയാണ്. ഷീലയുടെ ബാഗിൽ നിന്നും കാറിൽ നിന്നും കണ്ടെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്നാണ് പുറത്ത് വന്ന പരിശോധനാ ഫലം.
ഫെബ്രുവരി 27, അന്നായിരുന്നു ഷീലാ സണ്ണിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ആ സംഭവം നടന്നത്. ഷീലയുടെ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് സംഘം ഇരച്ചെത്തുന്നതും എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതും. എന്നാൽ, കണ്ടെടുത്ത 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി തനിക്ക് യാതൊരു മനസറിവുമില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. തന്നെ ചതിച്ചത് ബന്ധുക്കൾ തന്നെയെന്ന സംശയമാണ് ഷീലാ സണ്ണിക്കുള്ളത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് 72 ദിവസത്തിന് ശേഷം ഷീല പുറത്തിറങ്ങിയത്. അപ്പോഴേക്കും ബ്യൂട്ടി പാർലർ പൂട്ടേണ്ടി വന്നിരുന്നു.
ഷീലയിൽ നിന്ന് പിടികൂടിയത് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇതോടെ ഷീലയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. കേസ് എക്സൈസ് ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.