തൃശൂർ: കോർപ്പറേഷനിലെ 35 ഓളം വരുന്ന ഡിവിഷനുകളിൽ ചെളിവെള്ളമാണ് കുടിക്കാൻ വിതരണം ചെയ്യുന്നതെന്നാരോപിച്ച് സമരവുമായി യുഡിഎഫ്. ചെളിവെള്ളം നിറച്ച കുപ്പികളും കൈതോല പായയുമായാണ് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. മേയറുടെ മേശപ്പുറത്ത് ചെളിവെള്ള കുപ്പികളും കൈതോലപ്പായക്കെട്ടുകളും നിരത്തിവെച്ചു. എൽഡിഎഫ് ഭരണസമിതിക്കെതിരെയും കേരള സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാണിച്ചും കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി. ചെളിവെള്ളത്തെക്കുറിച്ച് ഒരു മറുപടി പോലും പറയാതെ കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടു.
ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ വി. ശക്തിധരന്റെ വെളിപ്പെടുത്തലുകൾ എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ കൗൺസിലിൽ ആവശ്യപ്പെട്ടു. അമൃതം പദ്ധതിയിൽ കുടിവെള്ളം പദ്ധതികൾക്കു വേണ്ടി 165 കോടി രൂപ ചെലവ് ചെയ്ത് പീച്ചിയിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചതിനുശേഷം ഇപ്പോഴും പൈപ്പിൽ കൂടി ചെളിവെള്ളമാണ് വരുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലയെന്നും 165 കോടി രൂപയുടെ കുടിവെള്ള പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൻറെ പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയൽ, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, മുകേഷ് കുളപറമ്പിൽ, വിനേഷ് തയ്യിൽ, സനോജ് കാട്ടുകാരൻ, എ.കെ. സുരേഷ്, ലീല ടീച്ചർ, ശ്യാമള മുരളീധരൻ, നിമ്മി റപ്പായി, സിന്ധു ആന്റോ, റെജി ജോയ്, എബി വര്ഗീസ്, അഡ്വ. വില്ലി, രെന്യ ബൈജു, മേഴ്‌സി അജി, എന്നിവർ പങ്കെടുത്തു.