SportsTRENDING

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ മണ്ണിലേക്ക് എത്തിത്തുടങ്ങി

സെൻറ് ലൂസിയ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ഇന്ത്യൻ താരങ്ങൾ കരീബിയൻ മണ്ണിലേക്ക് എത്തിത്തുടങ്ങി. ഒരേ വിമാനത്തിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യൻ ടീം ഇവിടേക്ക് എത്തുന്നത്. ചില താരങ്ങളുടെ വരവ് അമേരിക്ക വഴിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയും യഥാക്രമം പാരിസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് എത്തുക. ഇരുവരും നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാൽ ഇരുവരും എപ്പോൾ കരീബിയൻ ദ്വീപുകളിലേക്ക് എത്തും എന്ന് വ്യക്തമല്ല.

ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യൻ ടീം രണ്ട് പരിശീലന മത്സരങ്ങൾ വിൻഡീസിൽ കളിക്കും. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയും വിൻഡീസും 98 ടെസ്റ്റുകളിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 22 ഉം വെസ്റ്റ് ഇൻഡീസ് 30 മത്സരങ്ങൾ വീതം വിജയിച്ചു. ഇരു ടീമുകളും അവസാനം ടെസ്റ്റിൽ മുഖാമുഖം വന്നപ്പോൾ 2019ൽ ഇന്ത്യ 2-0ന് വിൻഡീസിനെ വൈറ്റ് വാഷ് ചെയ്‌തിരുന്നു. സ്റ്റാർ പേസർമാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും പരമ്പരയിൽ കളിക്കില്ലെങ്കിലും ഇത്തവണയും ടീം ഇന്ത്യക്ക് മുൻതൂക്കമുണ്ട് എന്നാണ് വിലയിരുത്തൽ.

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

Back to top button
error: