KeralaNEWS

പത്തനംതിട്ടയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു; നോക്കുകുത്തിയായി കോന്നി മെഡിക്കൽ കോളേജ്

ത്തനംതിട്ട: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ദിവസത്തിനു ദിവസം കൂടുമ്പോൾ ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജായ കോന്നി മെഡിക്കല്‍ കോളേജ് നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലടക്കം രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞപ്പോൾ ആരോഗ്യ വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.

രോഗികളുടെ കൂട്ടിരുപ്പുകാര്‍ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈറല്‍ പനി മുതല്‍ ഡെങ്കി ബാധിച്ചവര്‍ വരെ ഒരേ വാ‍ര്‍ഡിലാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. കിടക്കകളെല്ലാം നിറഞ്ഞിട്ട് ദിവസങ്ങളായി. രോഗം കലശലായാല്‍ രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്.

അതേസമയം സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് കോന്നി മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം.ആശുപത്രിയില്‍ ആകെയുള്ളത് മുന്നൂറ് കിടക്കകളാണ്. വിവിധ ചികിത്സാ വിഭാഗങ്ങളും കുട്ടികളുടെ ഹോസ്റ്റലും മാറ്റിനിര്‍ത്തിയാല്‍, 60 കിടക്കകള്‍ പനി ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഡെങ്കി ബാധിതരുടെ ചികിത്സ ഫലപ്രദമല്ല. പരിമിതികളിലും പരമാവധി ചികിത്സ പനി ബാധിതര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സൂപ്രണ്ടിന്‍റെ വിശദീകരണം.

 ഒരു മാസത്തിനിടെ പനി ബാധിച്ച്‌ ആറ് പേരാണ് പത്തനംതിട്ട ജില്ലയില്‍ മരിച്ചത്.

Back to top button
error: