ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ തകർന്നടിഞ്ഞത് യുഡിഎഫിന്റെ 3 പൊന്നാപുരം കോട്ടകളാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട. വർഷങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ പ്രവേശിച്ചപ്പോൾ ഈ മൂന്ന് കോട്ടകളും യുഡിഎഫിനെ കൈവിട്ടു.
പാലായും പുതുപ്പള്ളിയും പത്തനംതിട്ട, കോട്ടയം ജില്ലാ പഞ്ചായത്തുകളും തകർന്നടിഞ്ഞതിന്റെ കാരണം ഒന്ന് മാത്രം. ജോസ് കെ മാണി ഇടതുപക്ഷത്ത് പോയി എന്നത്.
ജോസ് ചുവപ്പിനെ വരിച്ചതോടെ ജില്ലാ പഞ്ചായത്ത് മാത്രമല്ല,ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഒക്കെ കോട്ടയത്ത് യുഡിഎഫിനെ കൈവിട്ടു. കോട്ടയത്ത് മത്സരിച്ച് ഒൻപത് ജില്ലാ പഞ്ചായത്ത് സീറ്റിലും ജോസ് കെ മാണി വിഭാഗം വ്യക്തമായ ആധിപത്യത്തോടെ വിജയിച്ചു കയറി. എന്നാൽ പൂഞ്ഞാറിൽ 3 മുന്നണികളെയും തോൽപ്പിച്ച് ജനപക്ഷത്തിന്റെ ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി.
2015 ൽ യുഡിഎഫ് 48 പഞ്ചായത്തുകളാണ് വിജയിച്ചത്. എൽഡിഎഫിന് വിജയിക്കാനായത് 21 ഇടങ്ങൾ മാത്രമായിരുന്നു. എന്നാൽ ജോസിനെ കൂടെ കൂടിയപ്പോൾ 21 എന്നത് എൽ ഡി എഫിന് 40 ആയി. യുഡിഎഫ് 48 നിന്ന് 23ലേക്ക് നിപതിച്ചു.
ബ്ലോക്ക് പഞ്ചായത്തിലും ഉണ്ട് ഇത്തരം അട്ടിമറികൾ. ഒമ്പതു ഇടങ്ങളിലാണ് എൽഡിഎഫ് മുന്നേറിയത്. രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. 2015 ൽ യുഡിഎഫിന്റെ സംഖ്യ 8 ആയിരുന്നു എന്ന് ഓർക്കണം. എൽഡിഎഫ് മൂന്ന് എന്നത് ഒൻപതിലേക്ക് വളർന്നു. മുനിസിപ്പാലിറ്റികളിൽ ആറിൽ അഞ്ചും തൂത്തുവാരി ആണ് 2015ലെ യുഡിഎഫ് വിജയം. എന്നാൽ ഇത്തവണ അത് മൂന്നായി ചുരുക്കി.
പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ പഞ്ചായത്തിൽ ജോസ് -ജോസഫ് മത്സരം നടന്ന രണ്ടു ഡിവിഷനുകളിലും എൽഡിഎഫ് ആണ് മുന്നേറിയത്. ജില്ലാ പഞ്ചായത്തിൽ 11 ഇടത്താണ് എൽഡിഎഫിന് ലീഡ്. എൽഡിഎഫിന് ഒരിക്കലും ലഭിക്കില്ല എന്ന് ഉറപ്പായിരുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആണ് ജോസ് വിഭാഗത്തിന്റെ ബലത്തോടെ എൽഡിഎഫ് പിടിച്ചെടുക്കുന്നത്. തിരുവല്ല പത്തനംതിട്ട നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല.
ഇടുക്കി ആരോടൊപ്പം എന്നതായിരുന്നു ഏവരും ശ്രദ്ധിച്ച ഒരു കാര്യം. കട്ടപ്പന നഗരസഭയിൽ ജോസ് വിഭാഗത്തിന് കാലിടറിയപ്പോൾ തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് ചുവടുപിഴച്ചു. ജോസിന്റെ സഹായത്തോടെ ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ മുന്നേറാൻ എൽഡിഎഫിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കാനും എൽഡിഎഫിന് ആയി.
കട്ടപ്പന നഗരസഭയിൽ 13 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിച്ചപ്പോൾ എല്ലാത്തിലും തോറ്റു.എന്നാൽ തൊടുപുഴയിൽ പിജെ ജോസഫ് ഇടറിവീണു. ഏഴ് സീറ്റുകളിൽ മത്സരിച്ചപ്പോൾ വിജയിക്കാനായത് രണ്ടു സീറ്റുകളിൽ മാത്രം. തൊടുപുഴ നഗരസഭയിൽ രണ്ടു സീറ്റുകൾ വീതം ജോസും ജോസഫും നേടി.