തിരുവനന്തപുരം: ആശുപത്രികളിലും മറ്റും തദ്ദേശസ്ഥാപനങ്ങള്‍ കരാറടിസ്ഥാനത്തില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിന് തടയിട്ട് സര്‍ക്കാര്‍. നിലവില്‍ സര്‍ക്കാര്‍ അനുമതിയോടെ ജോലിചെയ്യുന്നവര്‍ക്ക് കാലാവധി തീരുംവരെ തുടരാം. ഒഴിവുകള്‍ വകുപ്പുകള്‍ പരിശോധിച്ച് നികത്തും. മറ്റുവകുപ്പുകളില്‍നിന്ന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള നിയമനം വിലക്കി.
കോട്ടയം ജില്ലയിലെ വാഴൂര്‍, നീണ്ടൂര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളിലുള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും കരാര്‍ നിയമനത്തിന് അനുമതിതേടിയത് നിഷേധിച്ചാണ് തദ്ദേശഭരണ വകുപ്പിന്റെ തീരുമാനം. പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനെന്ന പേരില്‍ ആശുപത്രികളിലാണ് കൂടുതല്‍ കരാര്‍ നിയമനം. അനധികൃതമായി ആളുകളെ നിയമിച്ച് ആവര്‍ത്തനച്ചെലവിന് ഇടയാക്കുന്നതിനുപകരം മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കാനാണ് പുതിയ നിര്‍ദേശം.
ആര്‍ദ്രം പദ്ധതിയില്‍ സര്‍ക്കാരാശുപത്രികളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ 2017 മുതല്‍ അനുമതിയുണ്ട്. ഉച്ചകഴിഞ്ഞും ഒ.പി. സേവനം ഉറപ്പുവരുത്താനായിരുന്നു ഇത്.
എന്നാല്‍, പലയിടത്തും അനുവദിച്ചതിലും കൂടുതല്‍പേരെ നിയമിച്ചതായി കണ്ടെത്തി. സര്‍ക്കാര്‍ ചെലവില്ലാതെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍നിന്ന് വേതനം നല്‍കി ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമില്ല. ചെലവുതുക കണ്ടെത്താവുന്ന തരത്തിലുള്ള പദ്ധതികള്‍ തദ്ദേശസ്ഥപനങ്ങള്‍ക്ക് ഏറ്റെടുക്കുന്നതിന് തടസ്സവുമില്ല.