KeralaNEWS

പാട്ടു​കാരുടെ ഗ്രാമം, പാലക്കാട്ടെ ‘വാൽമുട്ടി’ക്ക് സം​ഗീതം ജീവനാണ്

    പാട്ടുകാരെ കൊണ്ട് സമ്പന്നമായൊരു ഗ്രാമമുണ്ട് പാലക്കാട്. ചിറ്റൂരിലെ വാൽമുട്ടി ഗ്രാമം. ഇവിടെ ഒരു വീട്ടിൽ ഒരാളെങ്കിലും പാട്ടുകാരായി ഉണ്ടാവും.അതുകൊണ്ട് തന്നെ ഗ്രാമത്തെ പാട്ട് ഗ്രാമമായി പ്രഖ്യാപിച്ചിരിക്കുകയാണ് നഗരസഭ.

വാൽമുട്ടിയിലെ ഓരോ ആളുടെയും ഹൃദയതാളം പോലും പാട്ടിന്റെ താളത്തിലാണ്. സംഗീതം ഇവിടുത്തുകാർക്ക് പാരമ്പര്യമായി കിട്ടിയതാണ്. തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട്, നല്ലമ്മപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകൾ മുതൽ കർണാടക സംഗീതക്കച്ചേരിയും ചലച്ചിത്രഗാനമേളയും വരെ ഇവിടെ കേൾക്കാം.

Signature-ad

അറുപത്തഞ്ചോളം കുടുംബങ്ങളാണ്‌ ഈ ​ഗ്രാമത്തിൽ താമസിക്കുന്നത്‌. ഇതിൽ അമ്പതോളം വീടുകളിൽ എല്ലാവരും ഗായകരാണ്‌. പാടാൻ പ്രായവും ഭാഷയും ഇവർക്ക് പ്രശ്നമല്ല. അത്രത്തോളം പാട്ടിനെ സ്നേഹിക്കുന്ന ഒരു ജനത മറ്റെവിടെയും ഉണ്ടാവില്ലെന്ന് ഇവിടെ എത്തുന്നവർക്ക് തോന്നിപ്പോവും. നാടിന്റെ നന്മയ്ക്കു വേണ്ടിയാണ് തങ്ങൾ പാടുന്നതെന്നാണ് ഇവർ പറയുന്നത്.

ഗ്രാമത്തിൽ കെട്ടിട നിർമാണത്തൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെ ഉണ്ടെങ്കിലും ഇവരെയെല്ലാം ചേർത്തു നിർത്തുന്നത് സംഗീതമാണ്. കഥകളി സംഗീതവും ഇവർക്ക്‌ നന്നായി വഴങ്ങും. പൊറാട്ട്‌ നാടകത്തിലും തുയിലുണർത്തു പാട്ടിലും പ്രശസ്തരായ പലരും വാൽമുട്ടിയിൽ നിന്നുള്ളവരാണ്‌.

പാട്ടുകാരുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി വാൽമുട്ടിയെ പാട്ടുഗ്രാമമെന്ന സ്വപ്‌നത്തിലേക്ക്‌ ചിറ്റൂർ തത്തമംഗലം നഗരസഭ പിടിച്ചുയർത്തി. അവശഗായകരുടെ സംരക്ഷണം, വളർന്നു വരുന്ന പുതുതലമുറ ഗായകർക്ക് പ്രോത്സാഹനം, സൗജന്യനിരക്കിൽ സംഗീതപഠനം, പ്രസിദ്ധ സംഗീതജ്ഞരുടെ പരിപാടികൾ നേരിട്ടു കാണാൻ അവസരം എന്നിവയൊക്കെയാണു പാട്ടുഗ്രാമത്തിന്റെ ലക്ഷ്യങ്ങൾ.

ഗ്രാമത്തിൽ ജീവിക്കുന്ന ദൈവാനമ്മയ്ക്ക് ചീരപ്പാട്ടിനും തത്തമ്മയ്ക്ക് തുയിലുണർത്തുപാട്ടിനും മോഹനന് നാടൻപാട്ടിനും കേരള സർക്കാരിന്റെ ഫോക്‌ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങിൽ’ നാടൻപാട്ടിൽ രണ്ടാം സ്ഥാനക്കാരായതും വാൽമുട്ടിയിലെ അയൽക്കൂട്ടക്കാരാണ്.

Back to top button
error: