കൊച്ചി: പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താൻ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി സുധാകരൻ. പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് സുധാകരൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്ന് സമ്മതിച്ച സുധാകരൻ, പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 7 വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ സുധാകരനെ ജാമ്യത്തിൽ വിട്ടു.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെവ സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൻസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി.മോൻസൻ സുധാകരന് പത്ത് ലക്ഷം നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ.സുധാകരൻ രണ്ടാംപ്രതിയാണ്.
എന്നാൽ അതേ സമയം, കോടതിയെ വിശ്വാസമുണ്ടെന്നായിരുന്നു ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം സുധാകരന്റെ പ്രതികരണം. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും. മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറുചോദ്യം.