CrimeNEWS

നികുതിയടക്കാനോ? അതും ഞങ്ങള്‍ യുട്യൂബര്‍മാര്‍? കണ്ടെത്തിയത് 25 കോടിയുടെ വമ്പന്‍ നികുതി വെട്ടിപ്പ്

കൊച്ചി: യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബര്‍മാര്‍ നാളിതുവരെ നയാപൈസ പോലും ടാക്‌സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബര്‍മാര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കില്‍ അതിന് തയാറാകാന്‍ ആവശ്യപ്പെടും.

ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തിയത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. പ്രമുഖ യുട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. യു ട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍.

Signature-ad

ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തിടങ്ങളിലായിരുന്നു റെയ്ഡ്.

 

Back to top button
error: