KeralaNEWS

കൈക്കൂലി നൽകിയില്ല; അനസ്തേഷ്യ നല്‍കാൻ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കാസര്‍കോട്: അനസ്തേഷ്യ നല്‍കാൻ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ കെ.എം.വെങ്കിടഗിരിക്കെതിരെയാണ് നടപടി.ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
2021 ഓഗസ്റ്റ് 11ന് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നല്‍കാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.

അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ പാറക്കട്ട ആര്‍ടി നഗര്‍ സ്വദേശി മുഹമ്മദ് ഷാസിബിന്റെ ഓപ്പറേഷനാണ് അനസ്തേഷ്യ നല്‍കാൻ ഡോക്ടര്‍ തയ്യാറാകാതിരുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഷാസിബ് ശസ്ത്രക്രിയ നടത്തിയത്.

പണം ആവശ്യപ്പെട്ടാണ് ഡോക്ടര്‍ അനസ്തേഷ്യ നല്കാതിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഡോ.വെങ്കിടഗിരിക്കെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹം രണ്ടുമാസം സസ്പെൻഷനിലുമായിരുന്നു. അനസ്തേഷ്യ നല്‍കേണ്ട രോഗികളില്‍ നിന്ന് 2000 രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ അനസ്തേഷ്യ നല്‍കാതിരിക്കുകയും ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സസ്പെൻഷന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തന്നെ ഇദ്ദേഹം ജോലിക്കായി പ്രവേശിക്കുകയായിരുന്നു.

Signature-ad

 

രണ്ടുമാസത്തിനകം ഷാസിബിന്റെ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: