ദില്ലി: എസ്ബിഐ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച, എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം പ്രാബല്യത്തിൽ വന്നത്.
വീ കെയർ- പലിശ നിരക്ക്
അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാം.
വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം അക്കൗണ്ടിലെത്തും. എന്നാൽ പലിശ ,നിശ്ചിത തുകയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് അടക്കേണ്ടിവരും.
60 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ ഈ സ്കീമിൽ നിക്ഷേപിക്കാൻ കഴിയൂ. ഈ സ്കീം ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്, അതിനാൽ എൻആർഐ ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് പദ്ധതിയിൽ നിക്ഷേപിക്കാൻ അർഹതയില്ല. പരമാവധി 10 വർഷമാണ് നിക്ഷേപ കാലാവധി .നേരത്തെ ജൂൺ 30 ആയിരുന്നു പദ്ധതിയിൽ അംഗമാകാനുള്ള അവസാന തിയ്യതി. ആർബിഐ റിപ്പോ നിരക്കിൽ വർധനവ് വരുത്തിയതിനെതുടർന്ന് ബാങ്കുകള് പലിശ നിരക്ക് കൂട്ടിയ പശ്ചാത്തലത്തിലും നേരത്തെ പദ്ധതി കാലാവധി നീട്ടിയിരുന്നു.