ഫീൽ ഗുഡ് ചിത്രങ്ങളുടെ ഒരു ബ്രാൻഡ് ആയിത്തന്നെ മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഇന്നലെ വരെ എന്ന അദ്ദേഹത്തിൻറെ അവസാന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അദ്ദേഹത്തിൻറെ ഇതുവരെയുള്ള ഫിലിമോഗ്രഫി പരിശോധിക്കുമ്പോൾ വേറിട്ട ഒന്നാണ്. സംവിധായകൻറെ കരിയറിലെ ആദ്യ മാസ് ചിത്രമാണിത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനിച്ചു.
അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ ആധാരം. പൂർണ്ണമായും മാസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം. നവാഗതരായ ആനന്ദ് തേവർക്കാട്ട്, ശരത്ത് പെരുമ്പാവൂർ എന്നിവരുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേർസ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.