ലണ്ടൻ: എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാർ (37) സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ കോടതിയിൽ ഹാജരാക്കി. കേസിലെ പ്രതിയായ തിരുവനന്തപുരം വർക്കല ഇടച്ചറ സ്വദേശി സൽമാൻ സലിമിന്റെ ജാമ്യാപേക്ഷ ലണ്ടനിലെ ഓൾഡ് ബ്ലെയി സെൻട്രൽ ക്രിമിനൽ കോടതി തള്ളി. ഇയാളെ കേസിന്റെ വിചാരണ അവസാനിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
പെക്കാമിലെ കോൾമാൻ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റൺ വേയിലെ ഒരു അപ്പാർട്ട്മെന്റിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് കൊല്ലപ്പെട്ട അരവിന്ദ് താമസിച്ചിരുന്നത്. ഇതിലൊരാളാണ് കേസിലെ പ്രതി. ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇവരെ പിന്നീട് തിരിച്ചയച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പുലർച്ചെ 1.36നാണ് ഒരാൾക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോൺ കോൾ ലഭിച്ചത്. അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ മറ്റ് രണ്ട് യുവാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു കടയിൽ അഭയം തേടുകയായിരുന്നു. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പറയുന്നത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഏതോ അജ്ഞാത ശക്തി തന്നെ നിയന്ത്രിക്കുകയാണെന്നും തന്റെ മാനസിക നില ശരിയല്ലെന്നുമൊക്കെയാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ച കോടതി, വിചാരണ കഴിയുന്നത് വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിടുകയായിരുന്നു. അടുത്ത വർഷം ജൂലൈയിലാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്.