ലക്നൗ:ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചത് 54 പേർ.ബല്ലിയ ജില്ലയിലാണ് സംഭവം.
കടുത്ത ചൂടാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.400 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കടുത്ത ചൂട് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോർട്ട്. കടുത്ത ഉഷ്ണതരംഗമാണ് യുപിയില്‍ വീശിയടിക്കുന്നത്.മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില.
പനി, ശ്വാസതടസ്സം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്.ഇന്നലെ മാത്രം 11 പേര്‍ മരിച്ചതായി ജില്ലാ ആശുപത്രി ബല്ലിയയുടെ ഇൻ-ചാര്‍ജ് മെഡിക്കല്‍ സൂപ്രണ്ട് എസ്.കെ യാദവ് പറഞ്ഞു.അതേസമയം സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അസംഗഡ് സര്‍ക്കിള്‍ അഡീഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ബിപി തിവാരി പറഞ്ഞു.
രോഗികള്‍ക്ക് സ്‌ട്രെച്ചറുകള്‍ പോലും ലഭിക്കാത്തത്ര തിരക്കാണ് ജില്ലാ ആശുപത്രികളിലും മറ്റുമുള്ളത്.പരിചാരകർ രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് ചുമലിലേറ്റി കൊണ്ടുപോകുന്ന കാഴ്ചയാണ് ഇവിടെയെങ്ങും കാണുവാൻ സാധിക്കുന്നത്.