തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്നു അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാര്‍ത്തയിലുള്ളതുമാണ് താന്‍ പറയുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് വാര്‍ത്ത. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്റെ പ്രസ്താവന.
ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിനു വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ എറണാകുളം പോക്‌സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ വിധേയത്വം മുതലെടുത്തു പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതുമാണു ജീവിതാവസാനം വരെ ശിക്ഷ ലഭിച്ച രണ്ടു കുറ്റങ്ങള്‍.
2019 ജൂലൈ 25നു മോന്‍സന്‍ പെണ്‍കുട്ടിയെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു. ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അടുത്ത ദിവസം പീഡിപ്പിച്ചെന്നും കുറ്റപത്രം പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ 2019 ഒക്ടോബറില്‍ ഗുളികകള്‍ നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയതിനു ശേഷവും പീഡനം തുടര്‍ന്നു. ദയ അര്‍ഹിക്കാത്ത കുറ്റകൃത്യമാണു പെണ്‍കുട്ടിയുടെ നിസ്സഹായത മുതലെടുത്തു പ്രതി ചെയ്തതെന്നു കോടതി നിരീക്ഷിച്ചു.