പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് കരിമ്പുഴ തോട്ടരയിൽ നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനാണ് മണ്ണാർക്കാട് പട്ടികജാതി – പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജൂലായ് 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട പരാതിക്കാരി, വീട്ടിൽ കിണറിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് സംഭവം. പ്രതി റഷീദ് പരാതിക്കാരി പട്ടികജാതിക്കാരിയാണ് എന്ന് അറിഞ്ഞുകൊണ്ട് കടന്ന് പിടിച്ചുവെന്നാണ് കേസ്.
സ്ത്രീകൾക്ക് നേരെയുള്ള ക്രിമനൽ ബലപ്രയോഗം (ഐപിസി 354) വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതിക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ വിധിന്യായം പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ഒരു വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ ഹാജരായി.