CrimeNEWS

കെ സുധാകരന് ആശ്വാസം; 21 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനു നിര്‍ദേശം നല്‍കി.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച്‌ ്രൈകംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

Signature-ad

കേസില്‍ സുധാകരനെതിരേ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റില്‍ നിന്നും ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം പറയുന്നു.

അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്‍സന് നല്‍കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോന്‍സന്റെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.

Back to top button
error: