ലഖ്നൗ: കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭാര്യയെ കെട്ടിപ്പിടിച്ച് അവരുടെ മുതുകത്ത് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഭാര്യയുടെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട ഭര്‍ത്താവിന്റെയും ജീവനെടുത്തു. ഇക്കഴിഞ്ഞ 13 ന് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അനേക് പാല് (40), ഭാര്യ സുമന് പാല് (38) എന്നിവരാണ് മരിച്ചത്.
ബിലാരി പോലീസ് സ്റ്റേഷന് പരിധിയിലെ ഖാന്‍പുര്‍ ഗ്രാമസ്വദേശികളാണ് അനേകും സുമനും. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുദിവസം മുന്‍പ് ഒരു വിവാഹച്ചടങ്ങിനിടെ സുമന്റെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞയാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
സംഭവദിവസം രാത്രി, പ്രാര്‍ഥനയ്ക്കു ശേഷം അനേക് സുമനെ ആലിംഗനം ചെയ്യുകയും ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേ വെടിയുണ്ട സുമന്റെ ദേഹം തുളച്ചുകയറിയ ശേഷം അനേകിന്റെയും നെഞ്ച് തുളച്ച് പുറത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതികള്‍ ലഭിച്ചിട്ടാല്ലത്തതിനാല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദമ്പതികളുടെ നാലു മക്കളുടെ സുരക്ഷ ബന്ധുക്കള്‍ ഏറ്റെടുത്തു.