Movie

സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമിന്റെ ‘പട്ടണപ്രവേശം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

    മലയാളികളെ ചിരിയുടെ കുറ്റാന്വേഷണലോകത്തേയ്ക്ക് കൊണ്ടുപോയ ‘പട്ടണപ്രവേശം’ എത്തിയിട്ട് 35 വർഷം. ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ടീമിന്റെ ‘നാടോടിക്കാറ്റി’ന്റെ രണ്ടാം ഭാഗം. സി.ഐ.ഡികൾ ദാസനും വിജയനും അവരുടെ ഭാഗ്യം ഒരിക്കൽക്കൂടി പരീക്ഷിച്ച ‘പട്ടണപ്രവേശം’ 1988 ജൂൺ 16 ന് റിലീസ് ചെയ്‌തു. സിയാദ് കോക്കർ ആണ് നിർമ്മാണം. മോഹൻലാൽ ആന്റണി പെരുമ്പാവൂരുമായി അടുക്കുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്.

Signature-ad

കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ (പ്രതാപചന്ദ്രൻ) കൊല്ലപ്പെട്ടത് അന്വേഷിക്കാനെത്തുന്ന ദാസനും വിജയനും (മോഹൻലാൽ, ശ്രീനിവാസൻ) അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും അപകടങ്ങളും അതിജീവനങ്ങളും അന്തിമവിജയവുമാണ് സിനിമ. അതിനിടയിൽ വിജയനെ താഴ്ത്തിക്കെട്ടുന്ന ദാസന്റെ സമീപനങ്ങൾ. അതിലുള്ള വിജയന്റെ രോഷം. ഒളിഞ്ഞു നിന്ന് കേൾക്കുന്ന സംഭാഷണങ്ങളും അവ നയിക്കുന്ന തെറ്റിദ്ധാരണകളും. റോഡിൽ കിടക്കുന്ന പണം എടുക്കാൻ കുനിയുമ്പോൾ വെടിയുണ്ടയിൽ നിന്നും രക്ഷ നേടുന്നത് പോലുള്ള ആകസ്മിക സംഭവങ്ങൾ. കുട നന്നാക്കലുകാരായും മറ്റുമുള്ള വേഷപ്പകർച്ചകൾ… രസച്ചരട് പൊട്ടാതെയുള്ള  ഇത്തരം നിരവധി മുഹൂർത്തങ്ങൾ സിനിമയുടെ പ്ളസ്‌ പോയിന്റ് ആയി. റസ്റ്റോറന്റിൽ വച്ച്  പക്ഷിപിടുത്തക്കാരന്റെ രക്ത സാംപിളെടുക്കാൻ  ആളുമാറി വെയിറ്ററെ സിറിഞ്ച് കൊണ്ട് കുത്തുന്ന പോലുള്ള കോമഡി സീനുകൾ ഉദാഹരണം.

ശ്രീനിവാസൻ അവതരിപ്പിക്കുന്ന വിജയന് കിട്ടുന്ന നിന്ദ പരാമർശങ്ങൾ (‘കാഴ്‌ചയ്‌ക്ക് അശ്രീകരം’). ഒപ്പം  താരങ്ങളുടെ ഇമേജ് അഴിച്ചുപണിതത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യണം എന്നാഗ്രഹിക്കുന്ന കള്ളക്കടത്തുകാരനായി കരമനയും അനന്തൻ നമ്പ്യാർ എന്ന കോമഡി വേഷത്തിൽ തിലകനുമൊക്കെ നിറഞ്ഞാടി.

യൂസഫലി- ശ്യാം ടീമിന്റെ ഗാനങ്ങൾ. ശ്യാമിന്റെ ബിജിഎം ശ്രദ്ധേയം. ‘പട്ടണപ്രവേശ’ത്തിന് മുൻപ് സിയാദ് കോക്കർ  നിർമ്മിച്ച ചിത്രമാണ് ശ്രീനി-സത്യൻ ടീമിന്റെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’. കോക്കേഴ്‌സ് ഫിലിംസ് ഇപ്പോൾ ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗത്തിന്റെ നിർമ്മാണത്തിലാണെന്ന്   കേൾക്കുന്നു.

Back to top button
error: