
ചെന്നൈ: ഒരിടവേളയ്ക്കുമശഷം തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളി. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍, അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരേ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു.
അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. എയിംസില്‍ നിന്നുള്ള വൈദ്യസംഘം പരിശോധന നടത്തിയശേഷമേ ആശുപത്രി മാറ്റാവൂ എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. മന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും.






