KeralaNEWS

മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; പിടികൂടാനായില്ല

തിരുവനന്തപുരം: മൃഗശാലയിലെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്ന ഹനുമാന്‍ കുരങ്ങിനെ (ലംഗൂര്‍) കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിനു മുകളിലാണ് കുരങ്ങ് ഉള്ളത്. ഇന്നലെ വൈകിട്ടോടെയാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തേക്കു ചാടിയത്.

തിരുപ്പതിയില്‍ നിന്നാണ് കുരങ്ങിനെ മൃഗശാലയില്‍ എത്തിച്ചത്. മൂന്നു വയസുള്ള പെണ്‍ ഹനുമാന്‍ കുരങ്ങിനെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് ഇന്നു മാറ്റാനിരിക്കുകയായിരുന്നു. രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിനു സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിനു മുകളില്‍ കുരങ്ങന്‍ കയറി.
രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ പുലര്‍ച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗശാല അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് മൃഗശാല വളപ്പിനുള്ളില്‍ കുരങ്ങിനെ കണ്ടെത്തിയത്.

Signature-ad

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് 2 സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തില്‍ തുറന്ന കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെണ്‍കുരങ്ങിനെ കൂട്ടിനു പുറത്തെത്തിച്ചത്. പെണ്‍ കുരങ്ങുകള്‍ ആണ്‍ കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

കൂടിനു പുറത്തിറങ്ങിയ കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തില്‍ കയറിയപ്പോള്‍ ജീവനക്കാര്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. മരങ്ങള്‍ പലതും ചാടിക്കടന്ന് ദൂരേക്ക് പോയപ്പോള്‍ അപകടം മണത്തു. ആണ്‍കുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെണ്‍കുരങ്ങ് കൂട്ടിലേക്കു വന്നില്ല. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന്‍ മുകളില്‍ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്നു മാറാതിരിക്കാന്‍ മൃഗശാല അധികൃതര്‍ പുലര്‍ച്ചെവരെ ജാഗ്രതയോടെ കാത്തിരുന്നു.

Back to top button
error: