ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ ആരംഭിച്ച് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിര്‍മലാ സീതാരാമന്, എസ്.ജയശങ്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്, ഭൂപേന്ദ്ര യാദവ്, വി.മുരളീധരന് എന്നിവര്‍ മത്സരിക്കും. മന്‍സൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സ്ഥാനാര്‍ഥികളാകും.
മുഖ്യമന്ത്രിമാരുമായും സംസ്ഥാന അധ്യക്ഷന്മാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുമായും ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന മന്ത്രിമാര്‍, സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍, രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭാംഗമായിട്ടുള്ളവര്‍ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണു തീരുമാനം.
വി.മുരളീധരന് തീരുവനന്തപുരത്തോ ആറ്റിങ്ങലിലോ ആകും മത്സരിക്കുക. ആറ്റിങ്ങലില്‍നിന്നു മത്സരിക്കാനാണു കൂടുതല്‍ സാധ്യതയെന്നും സൂചനയുണ്ട്. മുരളീധരന് ഇതിനോടകം ആറ്റിങ്ങലില്‍ ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമാകുന്നുണ്ട്. മോദി സര്‍ക്കാരിന്റെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ക്കു വിവിധ മണ്ഡലങ്ങള്‍ നല്‍കിയിരുന്നു. ആ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാകും ഏതു മണ്ഡലത്തിലാകും മത്സരിപ്പിക്കുകയെന്നാണു വിവരം. നിര്‍മലാ സീതാരാമന്, എസ്.ജയശങ്കര്‍ എന്നിവരെ തമിഴ്നാട്ടിലേക്കോ ബംഗളുരുവിലെ ഏതെങ്കിലും മണ്ഡലത്തിലേക്കോ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നേരത്തേ തിരുവനന്തപുരത്തുനിന്നും ജയശങ്കറുടെ പേര് ഉയര്‍ന്നു േകട്ടിരുന്നു.