ചെന്നൈ: ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നൽകാത്ത ചിത്രം ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ട്.
ധനുഷിൻറെ വൻ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കൻ ചെന്നൈയിലെ ഗ്യാംങ് വാർ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിൻറെ സഹോദരൻ ശെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
എസ്.ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ക്യാപ്റ്റൻ മില്ലർ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് പുറത്തു വിടേണ്ടതുള്ളൂവെന്നാണ് ധനുഷിൻറെയും ടീമിൻറെയും തീരുമാനം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചില തമിഴ് സൈറ്റുകളുടെ വാർത്തകൾ പ്രകാരം അപർണ്ണ ബാലമുരളി ചിത്രത്തിലെ പ്രധാന ഹീറോയിൻ ആകുമെന്നാണ് വിവരം.
എന്നാൽ മറ്റൊരു വാർത്ത പ്രകാരം ചിത്രത്തിൽ ബോളിവുഡ് നടി കങ്കണയെ ധനുഷ് ക്ഷണിച്ചെന്നും എന്നാൽ അവർ ധനുഷിൻറെ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. നെഗറ്റീവ് റോൾ ആയതിനാൽ കങ്കണ ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ചില തമിഴ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ചന്ദ്രമുഖി 2 വിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത്. പി വാസുവാണ് ഈ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.
ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ്. ധനുഷിൻറെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. അരുൺ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തിൽ ധനുഷ് ഇരട്ടറോളിൽ ആയിരിക്കും എന്നും റിപ്പോർട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിർമ്മാണം.