തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. തര്‍ക്കപരിഹാരത്തിനുള്ള എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ കടുത്ത നിലപാടില്‍ തുടരുകയാണ് എ-ഐ ഗ്രൂപ്പുകള്‍. നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നേക്കും.
ഗ്രൂപ്പുകളുടെ ഭാഗമായ ബ്ലോക്ക് പ്രസിഡന്റുമാര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കും. പുനഃസംഘടനക്കെതിരെ എ- ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നതിന് പിന്നാലെ, രമേശ് ചെന്നിത്തലയേയും എംഎം ഹസനേയും വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെയും ഗ്രൂപ്പ് നേതാക്കള്‍ പരാതി ഉന്നയിക്കുന്നു. താരിഖ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശൈലിയോടുള്ള വിയോജിപ്പും ചെന്നിത്തലയും ഹസനും സുധാകരനെ അറിയിച്ചു.
അതിനിടെ പ്രശ്നപരിഹാരത്തിനായി താരിഖ് അന്‍വര്‍ നാളെ കേരളത്തിലെത്തും. താരിഖ് അന്‍വര്‍ മൂന്ന് ദിവസം കേരളത്തിലുണ്ടാകും. ചര്‍ച്ചയ്ക്ക് താരിഖ് മുന്‍കയ്യെടുത്താല്‍ സഹകരിക്കാനും ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. പരാതി അറിയിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിക്ക് തിരിക്കാനിരിക്കെ ബ്ലോക്ക് പുനഃസംഘടന തര്‍ക്കത്തില്‍ ഇടപെടേണ്ടെന്നും കെപിസിസി തലത്തില്‍ തീര്‍ക്കട്ടെയെന്നുമാണ് എഐസിസി നിലപാട്.