കണ്ണൂര്‍: ഇവിടെയുള്ളവരൊക്കെ നല്ല ആളുകളാണ്. എനിക്ക് ഇവിടെ ജോലി തരാമോ സാര്‍? ചോദിക്കുന്നത് കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട പ്രതിയാണ്. അതും പോലീസുകാരോട്. ചോദ്യം കേട്ട് ചിരിയടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാര്‍. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന് തീയിട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ചോദ്യങ്ങള്‍ പ്രതി പോലീസിനോട് ചോദിക്കുന്നത്. നല്‍കുന്ന മൊഴിയില്‍ പലപ്പോഴും വൈരുധ്യമുള്ളതും പ്രതിയുടെ വിചിത്ര സ്വാഭാവവും കുഴക്കുന്നതിനിടെയാണ് ഇത്തരം ചോദ്യങ്ങളുമായി പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍ പോലീസിന് മുന്നില്‍ എത്തുന്നത്.
കണ്ണൂര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തന്നെയാണ് പ്രസോണ്‍ജിത്ത് സിദ്ഗര്‍ കണ്ണൂരിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതിയെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതി ട്രെയിനില്‍ ഓടിക്കയറുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പോലീസ് കസ്റ്റഡിയിലിരിക്കെയാണ് സ്റ്റേഷനില്‍ ജോലി തരുമോയെന്ന വിചിത്ര ആവശ്യം പ്രസോണ്‍ജിത്ത് സിദ്ഗര്‍ മുന്നോട്ടുവെച്ചത്. സാര്‍ ഇവിടെയുള്ളവരൊക്കെ നല്ല ആര്‍ക്കാരാണ്. എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ജോലി തരുമോയെന്നാണ് പ്രസോണ്‍ജിത്ത് ചോദിച്ചതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് പ്രതി സബ് ജയിലില്‍ ഉള്‍പ്പെടെ സംസാരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് ജയിലധികൃതരോട് ഇയാള്‍ പറഞ്ഞത്.
അതേസമയം, പ്രസോണ്‍ജിത്തിന് തീയിടുന്ന വിചിത്ര സ്വഭാവമുണ്ടെന്നാണ് പോലിസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യം പറയുന്നത്. സ്വന്തം ആധാര്‍ കാര്‍ഡുള്‍പ്പെടെ ഇയാള്‍ തീയിട്ടു നശിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. എങ്ങനെയാണ് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി തീവെച്ചതെന്ന കാര്യത്തില്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യമുണ്ട് ആദ്യം സീറ്റുകള്‍ കുത്തിക്കീറി തീവെച്ചതാണെന്നു മൊഴി നല്‍കിയെങ്കിലും തെളിവെടുപ്പില്‍ സീറ്റിന് മുകളില്‍ ലേഡീസ് ഷൂ കത്തിച്ചിടുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.