NEWSWorld

40 ദിവസം ആമസോണ്‍ വനാന്തരങ്ങളില്‍; വിമാനാപകടത്തില്‍പ്പെട്ട് കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: ആമസോണ്‍ വനത്തില്‍ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവന്‍ സന്തോഷം എന്നാണ് അദ്ദേഹം കുറിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പരിപാലിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 40 ദിവസത്തിലേറെയായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന സൂചന നല്‍കുന്ന നിരവധി വസ്തുക്കള്‍ കാട്ടില്‍ നിന്ന് ലഭിച്ചിരുന്നു. കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ അന്വേഷണം തുടരുകയായിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയാണ് നിയോഗിച്ചത്.

Signature-ad

മേയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. അപകടം സംഭവിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് തകര്‍ന്ന വിമാന കണ്ടെത്താനായത്. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോണ്‍ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുന്നു.

 

 

Back to top button
error: