KeralaNEWS

അമല്‍ജ്യോതി കോളേജ് സമരം;കത്തോലിക്ക സഭയുടെ പ്രതിരോധറാലി

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പ്രതിരോധറാലി നടത്തി കത്തോലിക്കാ സഭ.
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിതമായ അക്രമം നടക്കുന്നു എന്ന് ആരോപിച്ചാണ്‌ കാഞ്ഞിരപ്പള്ളിയില്‍ ഇന്ന് കത്തോലിക്കാ സഭ പ്രതിരോധ റാലി നടത്തിയത്.കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും യുവദീപ്തിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഐക്യദാര്‍ഢ്യ റാലി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തു.

അമല്‍ജ്യോതി കോളേജ് സമരങ്ങള്‍ക്ക് പിന്നാലെയാണ് കത്തോലിക്ക സഭയുടെ പ്രതിരോധറാലി.അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.വിദ്യാര്‍ത്ഥി സമരം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ ആരോപണം.

 

ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് വികാരി ജനറാല്‍ ബോബി അലക്സ്‌ മണ്ണം പ്ലാക്കല്‍ പറഞ്ഞിരുന്നു.രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സമരം ആരംഭിച്ചിരുന്നത്.
ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്നാണ് കോളേജിലെ വിദ്യാര്‍ഥി സമരം പിന്‍ വലിച്ചത്.

Back to top button
error: