കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ എസ്എഫ്‌ഐ മുന്‍ നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ.വിദ്യ, ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയെന്ന് കണ്ടെത്തല്‍. എന്നാല്‍, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല. വിഷയത്തില്‍ നീലേശ്വരം പോലീസ് കരിന്തളം കോളജിലെത്തി തെളിവെടുക്കുന്നു.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇവര്‍ ഇവിടെ താല്‍ക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് കരിന്തളത്ത് ഹാജരാക്കിയിരുന്നത്. കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവില്‍ ഇവര്‍ സര്‍വകലാശാല മൂല്യ നിര്‍ണയ ക്യാംപുകളിലും പങ്കെടുത്തതായും വിവരമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യജരേഖ പുറത്തായത്. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പെട്ടതോടെ കള്ളം പുറത്താവുകയായിരുന്നു. പാലക്കാട് പത്തിരിപ്പാല ഗവ.കോളജിലെ മലയാളം വകുപ്പിലും വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് വിദ്യയുടെ വ്യജരേഖയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു. മാത്രമല്ല, മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ല.