ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കലാപത്തിന് തിരികൊളുത്തിയ ഹൈകോടതിയുടെ സംവരണവിധിക്ക് പിന്നില്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്രമോദിയുടെ മൗനത്തെയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. ‘അപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ അവിടത്തെ പ്രധാനമന്ത്രിയെ തന്റെ സന്ദര്‍ശനത്തിനിടയില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ദൈവാലയങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ മൗനംപാലിക്കുകയാണ് ചെയ്തത്. കൂടാതെ, അവരെ കുറ്റപ്പെടുത്താനും മെയ്തേയ് വിഭാഗക്കാരെ ന്യായീകരിക്കാനും ഹിന്ദുവര്‍ഗീയവാദികള്‍ ശ്രമിക്കുന്നു’.
മണിപ്പൂര്‍ അക്രമത്തിനു പിന്നില്‍ ക്രൈസ്തവസഭയാണെന്ന ആര്‍എസ്‌എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ലെ ലേഖനത്തിനെതിരെയും സഭ രംഗത്തുവന്നു.മദര്‍തെരേസയ്ക്കു നല്‍കിയ ഭാരതരത്നം പിൻവലിക്കണമെന്നുവരെ ആവശ്യപ്പെട്ട സംഘപരിവാറിന് ക്രൈസ്തവ ദര്‍ശനം ഒരുകാലത്തും ഉള്‍ക്കൊള്ളാനാവില്ല. പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതുമാണോ ആര്‍ഷഭാരത തത്വസംഹിതകള്‍ പഠിപ്പിക്കുന്നത്?’ -മുഖപ്രസംഗം ചോദിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം 15 പള്ളികളാണ് തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കിയത്.പരിക്കേറ്റ എട്ടുവയസ്സുകാരനെ ആംബുലൻസിലിട്ടാണ് ചുട്ടുകൊന്നത്. ഇതൊന്നും അത്ര നിഷ്കളങ്കമായി കരുതാനാകുന്നില്ല.ഇത്രയും നാൾ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനത ബിജെപി അധികാരത്തിൽ കയറിയതോടെ എങ്ങനെയാണ് കലാപകാരികൾ ആയതെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്-മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു