എറണാകുളം: മഹാരാജാസ് കോളജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ. വിദ്യ( വിദ്യ വിജയന്‍), യുവ എഴുത്തുകാരി എന്ന നിലയില്‍ സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തി. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ല്‍ കോവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സര്‍വകലാശാലയിലെ അധ്യാപകനുമായ സുനില്‍ പി.ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. 2021 മേയ് അഞ്ചിനായിരുന്നു പുസ്തക പ്രകാശനം നടന്നത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യ കെ പയ്യന്നൂര്‍ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവര്‍ മഹാരാജാസ് കോളജില്‍ എത്തിയത്. സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യ പയ്യന്നൂര്‍ കോളജിലും മഹാരാജാസ് കോളജിലും കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. മഹാരാജാസ് കോളജിലെ പഠന കാലത്താണ് വിദ്യ, പിഎം ആര്‍ഷോയെ പരിചയപ്പെട്ടത്. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിരുന്ന വിദ്യ വ്യാജരേഖ ചമച്ച് തൊഴില്‍ നേടിയ വിവരം ഞെട്ടലോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അറിഞ്ഞത്. വിവരം പുറത്തുവന്ന ശേഷം വിദ്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, നമ്പര്‍ താത്കാലികമായി പ്രവര്‍ത്തനരഹിതമാണെന്ന മറുപടിയാണ് എല്ലാവര്‍ക്കും കിട്ടുന്നത്. അതിനിടെ വിദ്യ മഹാരാജാസ് കോളേജിലെ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് മുന്‍പും ഉപയോഗിച്ചിരുന്നുവെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു.