
മൂന്നാർ: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് മൂന്നാർ പൊലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം ബോട്ടിൽ വെള്ളം കയറിയ സംഭവത്തെ തുടർന്നാണ് നടപടി. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയശേഷമാണ് നോട്ടീസ് കൊടുത്തത്. മാട്ടുപ്പെട്ടിയിൽ സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകുമെന്നും എസ്എച്ച്ഒ പറഞ്ഞു.
കഴിഞ്ഞ ദിവസം ബോട്ടിൽ വെള്ളം കയറിയെങ്കിലും 33 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു. ബോട്ടിന്റെ എഞ്ചിന് സമീപത്തെ ഷാഫ്റ്റ് ഗ്ലാൻഡ് വഴിയാണ് വെള്ളം കയറിയതെന്നും അത് നന്നാക്കാൻ കൊണ്ടുപോകാൻ ഇരിക്കുകയായിരുന്നെന്നായിരുന്നു ഉടമയുടെ വിശദീകരണം. ബോട്ടിങ് സെന്ററിൽ നിന്നു മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി മിനിറ്റിനുള്ളിൽ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു. സഞ്ചാരികൾ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് ലാൻഡിങ് സ്ഥലത്തെത്തിക്കുകയായിരുന്നു.






