തൃശ്ശൂര്‍: ഇന്ന് പുലർച്ചെ അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ-സീരിയല്‍ താരങ്ങളും ജനങ്ങളുമടക്കം വൻ ജനാവലിയാണ് എത്തിയത്.കക്കനാട് നടന്ന പൊതുദര്ശനത്തില് പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങളും എത്തിയിരുന്നു.
പൊട്ടിക്കരഞ്ഞാണ് സുരേഷ് ഗോപി സുധിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.നടൻ ഹരിശ്രീ ആശോകനും ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയില്‍ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.കണ്ണ് നിറഞ്ഞാണ് സുരേഷ് ഗോപി അവിടേക്ക് എത്തിയത്.മൃതദേഹത്തിനരികിലെത്തിയതും താരം സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരയുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.