CrimeNEWS

സംശയരോഗം മൂലം ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കടലില്‍ തള്ളി; രണ്ടു വയസ്സുള്ള മകനെയും കൂടെകൂട്ടി

മുംബൈ: യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടലില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. മുംബൈ നൈഗാവില്‍ താമസക്കാരായ ബിഹാര്‍ സ്വദേശി മിട്ടു സിങ്(31) സഹോദരന്‍ ചുന്‍ചുന്‍ സിങ്(35) എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം ട്രോളി ബാഗിലാക്കിയ നിലയില്‍ ഉത്തനിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയും നൈഗാവിലെ താമസക്കാരിയുമായ അഞ്ജലി സിങ് (23) ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ ഉത്താന്‍ ബീച്ചില്‍ ഒരു യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കരയ്ക്കടിഞ്ഞു. ഇത് കണ്ട പ്രഭാതസവാരിക്കാരന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍, തലയില്ലാതെ ശരീരം രണ്ടായി മുറിച്ചനിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുന്നതിന് മുന്‍പ് മൃതദേഹം പരിശോധിക്കുന്നതിനിടെ, മരിച്ചയാളുടെ ഇടതുകൈയില്‍ പച്ചകുത്തിയ ‘ഓം’, ‘ത്രിശൂലം’ എന്നിവ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

Signature-ad

മരിച്ചയാളുടെ കൈയിലെ രണ്ടു ചിഹ്നങ്ങളും പച്ചകുത്തിയ ആളെ കണ്ടെത്താന്‍ പോലീസ് നായ്ഗാവ് പ്രദേശത്തെ 40-ലധികം ടാറ്റൂ കലാകാരന്മാരെ സന്ദര്‍ശിച്ചു. ഒരു ടാറ്റൂ കലാകാരന്‍ നല്‍കിയ വിവരം അനുസരിച്ച് യുവതി നൈഗാവ് ഈസ്റ്റിലെ രാജ് എമറാള്‍ഡ് സൊസൈറ്റിയിലെ താമസക്കാരിയായ അഞ്ജലി സിങ് ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ ഭര്‍ത്താവ് മിന്റുവിനെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ അഞ്ജലിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.

മേയ് 24-നാണ് മിട്ടു ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ബിഹാര്‍ സ്വദേശിയായ മിട്ടുവും നേപ്പാള്‍ സ്വദേശിനിയായ അഞ്ജലിയും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹിതരായത്.
മിട്ടുവും സഹോദരനായ ചുന്‍ചുന്‍ സിങ്ങും മുംബൈയില്‍ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. അടുത്തിടെ അഞ്ജലിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് മിട്ടുവിന് സംശയം തോന്നി. സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന അഞ്ജലി ടാറ്റൂ ചെയ്യാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ വീഡിയോകള്‍ അഞ്ജലി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതെല്ലാം ഭര്‍ത്താവിനെ അസ്വസ്ഥനാക്കി.

ടാറ്റൂ ചെയ്തതിന്റെ പണം തവണകളായാണ് അഞ്ജലി ടാറ്റൂ ആര്‍ട്ടിസ്റ്റിന് നല്‍കിയിരുന്നത്. ഇതിന്റെഭാഗമായി ടാറ്റൂ ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്യുന്നതും പതിവായിരുന്നു. എന്നാല്‍ അഞ്ലിക്ക് ടാറ്റൂ ആര്‍ട്ടിസ്റ്റുമായി രഹസ്യബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ സംശയം. മേയ് 24-ാം തീയതി ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്കിനിടെ മിട്ടുസിങ് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ചു. തല ഒരു കവറിലും ബാക്കിഭാഗം ട്രോളി ബാഗിലുമാക്കി. പിന്നാലെ ഭയന്തറില്‍വന്ന് ട്രോളി ബാഗും അറത്തുമാറ്റിയ തലയും കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്യൂട്ട്‌കേസ് കടലില്‍ തള്ളാന്‍ പുറപ്പെട്ടപ്പോള്‍ ഇരുവരും മിന്റുവിന്റെ രണ്ടു വയസ്സുള്ള മകനെയും കൂടെകൂട്ടി.

സംഭവത്തിന് ശേഷം മകനുമായി മിട്ടു നേപ്പാളിലെ ഭാര്യവീട്ടിലേക്ക് പോയി. മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചശേഷം നൈഗാവിലെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭാര്യയുടെ ആഭരണങ്ങളും വീട്ടിലെ മറ്റുസാധനങ്ങളുമായി മുംബൈയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ തല കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്യൂട്ട്‌കേസുമായി പ്രതികള്‍ സ്‌കൂട്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

 

 

Back to top button
error: