മകളെ സിനിമാനടിയാക്കാൻ സിനിമാ പ്രവർത്തകരുമായി ‘അടുത്തിടപഴകാൻ’ നിര്‍ബന്ധിച്ച അമ്മ അറസ്റ്റിൽ. സിനിമാപ്രവര്‍ത്തകരെ ന്ന് അവകാശപ്പെടുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നതായും ഇവരോട് അടുത്തിടപഴകാൻ പറഞ്ഞ് അമ്മ ഉപദ്രവിച്ചിരുന്നതായും കാട്ടി 16-കാരിയാണ് പരാതി നൽകിയത്. നാലുവര്‍ഷത്തോളമായി അമ്മയുടെ ഉപദ്രവത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു.
ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ 16-കാരിയ്ക്കാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടലില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. അമ്മ നിര്‍ബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിക്കുന്നതായും ഉപദ്രവിക്കുന്നതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ ഹെല്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് മോചിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞാണ് അമ്മ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാൻ വയ്യാതെയാണ് പരാതി നല്‍കിയത്. മാത്രമല്ല, സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരുമായി അടുത്തിടപഴകാൻ അമ്മ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ നമ്ബറായ 1098-ല്‍ വിളിച്ച് പരാതി അറിയിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയര്മാൻ കേസാലി അപ്പാറാവു മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കള്‍ വിവാഹമോചനം നേടിയശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചു.
സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നതായും ഇവരോട് അടുത്തിടപഴകാൻ പറഞ്ഞ് അമ്മ ഉപദ്രവിച്ചിരുന്നതായും 16-കാരിയുടെ പരാതിയിലുണ്ട്. ഗുളിക കഴിക്കാൻ വിസമ്മതിച്ചാല്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.