ഭുവനേശ്വര്‍: ഒറ്റരാത്രി കൊണ്ട് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ബാലസോറിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മൃതദേഹങ്ങൾ പുറത്തേയ്ക്ക് മാറ്റിത്തുടങ്ങി.
ഇത്രയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ
സ്കൂളുകള്‍ അടക്കമുള്ള പല സ്ഥാപനങ്ങളും ഇതോടെ താത്ക്കാലിക മോര്‍ച്ചറികളായി മാറി.റയിൽവേ ട്രാക്കുകളിൽ പോലും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം.
ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിരന്നതോടെ ബഹനാഗയിലെ ഹൈസ്ക്കൂളും താത്ക്കാലിക മോര്‍ച്ചറിയായി മാറിയിട്ടുണ്ട്. ഇവിടെ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ക്കരികില്‍ നിര്‍ത്താതെ മുഴങ്ങുന്ന മൊബൈല്‍ ഫോണുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. ഇത്തരം താത്ക്കാലിക മോര്‍ച്ചറികളില്‍ ഉറ്റവരെ അന്വേഷിച്ചെത്തുന്ന പലരും ചെന്നെത്തുന്നത് മൃതദേഹത്തിന് സമീപമിരുന്ന് റിങ് ചെയ്യുന്ന മൊബൈല്‍ ഫോണുകളുടെ അടുത്തേയ്ക്കാണ്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണോ എന്നറിയാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള ഓരോ കോളുകളും മുഴങ്ങുന്നത് മൃതദേഹങ്ങൾക്കരികിൽ തന്നെയാണെന്നതാണ് വസ്തുത.