IndiaNEWS

ബാലസോര്‍ ദുരന്തത്തില്‍ പരിക്കേറ്റവരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍; സംഘത്തില്‍ 10 മലയാളികളും

ചെന്നൈ: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഇന്നു പുലര്‍ച്ചെ 4.40 ഓടെയാണ് സംഘം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറില്‍നിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചെന്നൈയില്‍ എത്തിയ സംഘത്തില്‍ പത്ത് മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യനും റവന്യു മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രനും ഉണ്ടായിരുന്നു.

Signature-ad

യാത്രക്കാര്‍ക്കായുള്ള മെഡിക്കല്‍ സംവിധാനങ്ങളെല്ലാം ചെന്നൈ സെന്‍ട്രലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോ?ഗ്യമന്ത്രി അറിയിച്ചു. ആറ് ആശുപത്രികളിലായി 207 ഐസിയുകളും 250 കിടക്കകളും സജ്ജമാണ്. ചെന്നൈയില്‍ എത്തിയ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏഴ് പേര്‍ക്ക് നിസാര പരിക്കുകളുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. അവരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.

അതേസമയം ട്രെയിന്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. സിഗ്‌നലിലെ പിഴവു കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുക. 288 പേരാണ് ഇതുവരെ ദുരന്തത്തില്‍ മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഗതാഗതം പുന:സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.

Back to top button
error: