എറണാകുളം: കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് (27) സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നല്‍കിയത്. ഇതിന്റെ ലൈവ് വീഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ”ഞങ്ങളെല്ലാം ഒപ്പമുണ്ട്” എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
എറണാകളും അഡീ. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി നല്‍കിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി.
ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തി ലഭിക്കാനാണ് യുവതി പോലീസില്‍ പരാതി നല്‍കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇന്‍സ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വീഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നല്‍കിയ ശേഷം നിരവധി ഭീഷണി കോളുകള്‍ വരുന്നതായും അജിത് കുമാര്‍ പറഞ്ഞു.സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം.
”സവാദിന് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം” -അജിത് കുമാര്‍ പറയുന്നു.