തിരുവനന്തപുരം മുതല്‍ കാസകോട് വരെ പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ചിട്ടുള്ള 726ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴയീടാക്കി തുടങ്ങും. ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പെറ്റിയടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആദ്യഘട്ടത്തില്‍ 5 കുറ്റങ്ങള്‍ക്കാണ് പെറ്റിയടിക്കുക. ഇരു ചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപ, വണ്ടിയോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചാല്‍ 500രൂപ, സിഗ്നലില്‍ റെഡ് ലൈറ്റ് മറികടന്നാല്‍ 1000 രൂപ, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിച്ചാല്‍ 1000 രൂപ എന്നിങ്ങനെയാണ് പെറ്റി. പെറ്റിയടിച്ചാലുടൻ എസ്.എം.എസായി വിവരം മൊബൈലിലെത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പിഴ വിവരങ്ങള്‍ ഉണ്ടാകും. സൈറ്റിലൂടെ ഓണ്‍ലൈനായി പിഴ അടയ്ക്കാനുമാവും.
ഒരു നിയമലംഘനം എത്ര ക്യാമറകളുടെ പരിധിയില്‍ ആവര്‍ത്തിക്കുന്നോ അത്രയും പെറ്റികിട്ടും. ഉദാഹരണത്തിന് ഹെല്‍മെറ്റില്ലാതെ പത്ത് ക്യാമറകളുടെ പരിധിയിലൂടെ സഞ്ചരിച്ചാല്‍ പത്ത് പെറ്റിയടയ്ക്കേണ്ടി വരും.പരീക്ഷണ ഘട്ടത്തില്‍ ക്യാമറകള്‍ അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തിയിരുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ശരാശരി 500രൂപ പിഴ കണക്കാക്കിയാലും 25കോടിയിലേറെ വരും നിത്യേനയുള്ള പിഴത്തുക.ഇതിൽ ഓരോരുത്തരും അവരവരുടെ പങ്ക് കുറയ്ക്കുക എന്ന് ലക്ഷ്യത്തോടെ മാത്രമേ നാളെ മുതൽ വാഹനവുമായി പുറത്തിറങ്ങാവൂ.