മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭയിലെ പണപ്പിരിവ് വിവാദത്തില്‍
തിരുവനന്തപുരം: അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം വിവാദത്തില്‍. സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു പേജ് പരസ്യവും ലഭിക്കും. അന്‍പതിനായിരം ഡോളറിന്റെ സില്‍വര്‍ പാക്കേജും ഇരുപത്തയ്യായിരം ഡോളറിന്റെ ബ്രോണ്‍സ് പാക്കേജുമുണ്ട്. എന്നാല്‍ കിട്ടുന്ന സൗകര്യങ്ങള്‍ കുറയും. പണപ്പിരിവിന്റെ കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നു എന്നാണ് ആരോപണം. സമ്മേളനം നടത്താന്‍ ഒരു സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതി, സ്പോണ്‍സര്‍മാരെ കണ്ടെത്താനാണ് വിവിധ നിരക്കുകളിലുള്ള പാസുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗോള്‍ഡ് (82 ലക്ഷം രൂപ), സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് പാസുകള്‍. ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളുമായി വേദി പങ്കിടാം. അവരുടെ പേരുകള്‍ റിസപ്ഷനില്‍ ബാനര്‍ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും. ആഡംബര ഹോട്ടലില്‍ പ്രത്യേക മുറി അനുവദിക്കും. കൂടാതെ ആഡംബര വാഹന സൗകര്യവും ഉണ്ടാകും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കൊപ്പം വിരുന്നു സത്കാരത്തിലും പങ്കെടുക്കാം എന്നാണ് വാഗ്ദാനം. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
അതേസമയം, പണപ്പിരിവ് നടക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ഇടപെടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ലോക കേരള സഭയിലാണ് മേഖലാ സമ്മേളനങ്ങള്‍ നടത്തണമെന്ന് തീരുമാനം ഉണ്ടായത്. അത് പ്രവാസി സംഘടനകളാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പ്രവാസി സംഘടന അവിടെ മേഖലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ, നോര്‍ക്കയ്ക്ക് പണപ്പിരിവുമായി ബന്ധമില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് പ്രാദേശിക സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ 82 ലക്ഷം എന്നത് വ്യാജവാര്‍ത്തയാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.