ഫര്‍ഹാനയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം വീടിനുപിറകിലെ വളപ്പില്‍നിന്ന്, കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫര്‍ഹാനയാണ് ഇവ കത്തിച്ചതെന്ന് മാതാവ് ഫാത്തിമയും അന്വേഷണസംഘത്തോട് പറഞ്ഞു. വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കിയശേഷമാണ് കത്തിച്ചതെന്നും ഫാത്തിമ പറഞ്ഞു.
വസ്ത്രങ്ങള്‍ വീടിനു പിൻവശത്തെ തൊടിയില്‍ കത്തിച്ച സ്ഥലം ഫര്‍ഹാനയും ഫാത്തിമയും കാണിച്ചുകൊടുത്തു. വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.തന്റെ അക്കൗണ്ടിലേക്ക് ഷിബിലി അയച്ച പണം ഉപയോഗിച്ച് സ്വര്‍ണാഭരണം വാങ്ങിയെന്നും ഫര്‍ഹാനയുടെ മാതാവ് പറഞ്ഞു.
ഷിബിലി, ഫര്‍ഹാന, മുഹമ്മദ് ആഷിഖ് എന്നിവര്‍ മേയ് 18-ന് കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അടുത്തദിവസം മൃതദേഹം ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച് രണ്ടായി മുറിച്ച് രണ്ട് ട്രോളിബാഗിലാക്കി. കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍നിന്ന് സിദ്ദിഖിന്റെ കാറിന്റെ ഡിക്കിയിലാക്കി.
മൂന്നുമണിയോടെ കാറില്‍ മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് അട്ടപ്പാടി ചുരം ലക്ഷ്യമാക്കി സംഘം നീങ്ങി. ഏഴുമണിയോടെ ചുരത്തിലെ 10-ാം വളവിലെത്തി. ആള്‍സാന്നിധ്യം കണ്ട്, കാര്‍ തിരിച്ച് ഒൻപതാം വളവിലെത്തി മൃതദേഹം ഷിബിലിയും ആഷിക്കും 25 അടി താഴ്ചയുള്ള മന്ദംപൊട്ടി തോട്ടിലേക്ക് വലിച്ചെറിഞ്ഞതായാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഇതിനുശേഷം 500 മീറ്റര്‍ മാറി മൊബൈലും ആധാര്‍ കാര്‍ഡും ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്.പിന്നീടാണ് മൂവരും പെരിന്തല്‍മണ്ണയിലെ ചിരട്ടാമലയിലെത്തിയത്.ഇവിടെ നിന്നും മൃതദേഹം മുറിക്കാനുപയോഗിച്ച ഇലക്‌ട്രിക് കട്ടര്‍, ചുറ്റിക, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങള്‍, ഹോട്ടല്‍മുറിയിലെ തലയണ ഉറ, ബെഡ് ഷീറ്റ്, ചെരുപ്പ്, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു.