IndiaNEWS

പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ പറയുന്നതെന്ന് മല്ലികാർജ്ജുന്‍ ഖർഗെ

ദില്ലി: പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെൺകുട്ടികൾ പറയുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ. ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് മോദി നീണ്ട പ്രസംഗം നടത്തി. എന്നാൽ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. ​ഗുസ്തി താരങ്ങൾ ദിവസങ്ങളായി നടത്തി വരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഖർ​ഗെയുടെ പ്രതികരണം. ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ ദില്ലിയിൽ നടത്തി വന്നിരുന്ന സമരം ഇന്ന് വൈകാരിക സംഭവങ്ങളിലാണ് എത്തി നിൽക്കുന്നത്.

നീതി നിഷേധത്തിനെതിരെ അന്താരാഷ്ട്ര തലത്തിലടക്കം നേടിയ മെഡലുകൾ ഗംഗയിലെറിഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ച കായിക താരങ്ങൾക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് എത്തിയത്. അനിൽ കുംബ്ലൈ, സാനിയ മിർസ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശിതരൂർ, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.

Signature-ad

മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിൻറെ പെൺകുട്ടികൾ തോറ്റതെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചു. ചരിത്രത്തിൽ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്സിൽ മെഡൽ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്തിൻറെ യശ്ശസ്സ് ഉയർത്തിയ ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്ന് ശശി തരൂർ എംപിയും പ്രതികരിച്ചു. സത്യത്തെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് മഹിള കോൺഗ്രസും പ്രതികരിച്ചു. രാജ്യം ഞെട്ടലിലാണ്. പ്രധാനമന്ത്രി അഹങ്കാരം വെടിയണമെന്നായിരുന്നു ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

Back to top button
error: