ബിഗ് ബോസ് ഷോയിലെ ഏറ്റവും കൌതുകകരമായ ടാസ്കുകളിൽ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരപ്പെടുന്ന ടാസ്കിൽ മത്സരാർഥികൾക്ക് പ്രസക്തമായ വിഷയങ്ങളിൽ പരസ്പരം പരാതി നൽകി ഒരു ജഡ്‍ജിക്ക് മുൻപാകെ വാദിക്കാൻ കഴിയുന്ന ടാസ്ക് ആണിത്. മുൻ സീസണുകളിൽ വളരെ വീറോടും വാശിയോടും മത്സരാർഥികൾ കളിച്ച ടാസ്കുമാണ് ഇത്. ഈ സീസണിലെ കോടതി ടാസ്കിൽ ആദ്യം പരിഗണിക്കപ്പെട്ടത് അഖിൽ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് നൽകിയ പരാതിയാണ്.
ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാൻ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖിൽ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയിൽ വാദിച്ചത്. ഈ കേസിലേക്കുവേണ്ടി മത്സരാർഥികൾ തന്നെ തെരഞ്ഞെടുത്ത ജഡ്ജി നാദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ഗുമസ്ത സെറീനയും. ശോഭയുടെയും അഭിഭാഷകൻ റിയാസിൻറെയും വാദങ്ങൾ പൊളിക്കാൻ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയിൽ വച്ചും അഖിൽ നടത്തിയ ചില പരാമർശങ്ങൾ അവിടെ വിനയായി. ഒരിക്കൽ അഖിലിൻറെ പരാമർശം കേട്ട് ശോഭ കരഞ്ഞത് കോടതിയിൽ ചർച്ചയായപ്പോൾ ശോഭ നന്നായി കരച്ചിൽ അഭിനയിക്കാനറിയാവുന്ന ആളാണെന്ന് അഖിൽ പറഞ്ഞു.
ഒരു മണിക്കൂർ സമയം കോടതിയിൽ ഇങ്ങനെ പെരുമാറിയ ആൾ പുറത്ത് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാൻ സാധിക്കുമെന്ന് ന്യായാധിപ നാദിറ നിരീക്ഷിച്ചു. ഒടുവിൽ അഖിലിനുള്ള ശിക്ഷയും നാദിറ വിധിച്ചു. കോടതി ടാസ്കിലേക്ക് ബിഗ് ബോസ് തന്നെ ജഡ്ജിക്ക് നൽകാവുന്ന ശിക്ഷകൾ എന്തൊക്കെയെന്ന് പറഞ്ഞിരുന്നു. അതുപ്രകാരം ഗാർഡൻ ഏരിയയ്ക്ക് ചുറ്റും മൂന്ന് തവണ ഓടുകയെന്നാണ് അഖിലിന് ശിക്ഷയായി നാദിറ വിധിച്ചത്.