ന്യൂഡല്‍ഹി: പതിനാറുകാരിയുടെ അരുംകൊലയില്‍ പ്രതി പിടിയിലായത് പിതാവിനെ ഫോണില്‍ വിളിച്ചതിന് പിന്നാലെയെന്ന് പോലീസ്. ഷഹബാദ് ഡയറിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെയാണ് ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ നടന്നുപോകുന്നതിനിടെയാണ് പിന്തുടര്‍ന്നെത്തിയാണ് പ്രതി പതിനാറുകാരിയെ ആക്രമിച്ചത്. ആക്രോശിച്ചെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് ഇരുപതോളം തവണ കുത്തി. താഴെവീണ പെണ്‍കുട്ടിയെ സമീപത്തുകിടന്ന സ്ലാബിന്റെ കഷ്ണമെടുത്ത് എറിഞ്ഞു. പിന്നാലെ അതുപയോഗിച്ച് തലയില്‍ തുടരെത്തുടരെ ഇടിച്ചു. സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടഞ്ഞില്ല.
കല്ല് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയോട്ടി തകര്‍ന്നതായാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി തവണ കുത്തേറ്റതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കളിത്തോക്ക് ചൂണ്ടി സാക്ഷി യുവാവിനെ പേടിപ്പിച്ചുവെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പതിനാറുകാരി കൈയില്‍ മറ്റൊരു യുവാവിന്റെ പേര് പച്ചകുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.