KeralaNEWS

സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല, കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആധുനിക സമൂഹം എന്ന നിലയിൽ കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തം ഉണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വർത്തമാന കാലഘട്ടത്തിൽ ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. വികലമായ ചരിത്രനിർമ്മിതി നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്ര പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശില്പശാലയിലൂടെ കുട്ടികൾ കണ്ടെത്തി തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും ശിവൻകുട്ടി നിർദേശിച്ചു. ആരാരും അറിയപ്പെടാതെ പോയ പ്രാദേശിക ചരിത്രശേഷിപ്പുകളെ കണ്ടെത്താനും അത് പഠനവിധേയമാക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കാൻ പാദമുദ്രകൾ എന്ന ശില്പശാലയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശില്പശാല എന്തുകൊണ്ടും പ്രശംസനീയമാണന്നും മന്ത്രി കൂട്ടിച്ചേർത്തു.

Signature-ad

സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സീമാറ്റ് കേരളം ഡയറക്ടർ ഡോ. സുനിൽ വി ടി അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജ എസ് വൈ ചടങ്ങിന് നന്ദി പറഞ്ഞു. തിരുവനന്തപുരം സീമാറ്റ് കേരളയിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ ചരിത്ര പഠനം, സംവാദം, പ്രാദേശിക ചരിത്രാവതരണങ്ങൾ, കലാസന്ധ്യ തുടങ്ങി മൂന്നു ദിനങ്ങളിലായി നടക്കും. പ്രശസ്ത ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ് , ഡോ. പി പി അബ്ദുൽ റസാഖ്, ഡോ. രാജേഷ് എസ് വി, ബിനോ പി ജോസ് , മാധ്യമപ്രവർത്തകൻ ശരത് ചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. 14 ജില്ലകളിൽ നിന്നും വിജയികളായ കുട്ടികളാണ് സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കുന്നത്. ശിൽപ്പശാല 30 ന് സമാപിക്കും.

Back to top button
error: